Sunday, 10 June 2018

സന്ദർശകൻ

സന്ദർശകൻ

ചില സന്ദർശകർ പ്രതീക്ഷിക്കാതെയാവും വരിക.. അഞ്ജാതമായ എന്തൊക്കെയോ ചിന്തകളുടെ ഭാണ്ഡകെട്ടുകൾ അവർ നമുക്ക് തരും... നമ്മെ ചുറ്റിപറ്റി നിൽക്കും....!! പിന്നെ ഒന്നും പറയാതെ മറയും.

മഴ ആസ്വദിക്കാനുള്ള പ്രവാസിയുടെ ആഗ്രഹത്തെ ആരും കുറ്റം പറയാൻ വഴിയില്ല. അതു കൊണ്ട് തന്നെ ഇപ്രാവശ്യത്തെ അവധി മെയ് 20നു ശേഷമാക്കി.
എല്ലായ്പ്പോഴും മഴ എന്നെ പറ്റിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ  മഴയെ പറ്റിക്കാൻ തന്നെ ഞാനും തീരുമാനിച്ചു. വീട്ടുകാരിയുടെ ഡേറ്റ് വകവക്കാതെ മഴയുടെ ഡേറ്റ് തന്നെ തിരഞ്ഞെടുത്തു , മാത്രമല്ല എരയപുരം അമ്പലത്തിൽ അഷ്ടമംഗല പ്രശ്നവുമുണ്ട് ... അതിലും പങ്കെടുക്കണം.

കോഴിക്കോടിന്റെ ആകാശത്ത് വിമാനം എത്തിയപ്പോഴേ കണ്ടു ഗംഭീരൻ മിന്നൽ പിണറുകൾ, വിമാനത്തിന്റെ ജനൽ ചില്ലിനപ്പുറം മേഘങ്ങൾക്കിടയിൽ മിന്നി കളിക്കുന്നത്. പിന്നെ പതുക്കെ ശ്രവിച്ചു  മഴ യന്ത്രപക്ഷിയുടെ  പുറത്ത് താളം പിടിക്കുന്നത്.
അപ്പോഴേ... മനസ്സിലും മഴ പെയ്തു തുടങ്ങുകയായിരുന്നു.

പുറത്ത് അളിയനും മക്കളും മഴയോടപ്പം കാത്തു നിന്നിരുന്നു.
മഴയത്ത് വാഹനയാത്ര ഒരു അനുഭൂതിയാണ്...
കാറിന്റെ ചില്ലിൻമേൽ വീഴുന്ന ജല പ്രവാഹത്തെ വകഞ്ഞ് മാറ്റുന്ന വൈപ്പറിന്റെ താളത്തിനൊപ്പം ഉള്ളിൽ ജയചന്ദ്രൻ ലയിച്ചു പാടുന്നു...
 "രാക്കിളി തൻ മിഴി നനയും നോവിൻ പെരുമഴക്കാലം... " 
ഇളയ മകൻ  അച്ഛന്റെ ചൂടേറ്റ്  നെഞ്ചിലും പറ്റി പിടിച്ച് കിടക്കുന്നുണ്ട്.

ഒരു മണിക്കൂറുണ്ട് വീടെത്താൻ .. അല്പനേരം അളിയനോടും കുട്ടികളോടും കുശലങ്ങൾ പറഞ്ഞതിനു  ശേഷം മകന്റെ പുറത്ത് പതുക്കെ താളം പിടിച്ചു കൊണ്ട്  ഞാൻ കണ്ണടച്ചു... മഴ എന്നിലേക്കും നിറഞ്ഞു പെയ്യുകയായിരുന്നു.മ്യൂസിക് പ്ലെയറിൽ ഗാനങ്ങൾ മാറി മാറി വന്നു... പ്രവാസത്തിന്റെ യാന്ത്രിക ചര്യകളിൽ നിന്ന് മാറുമ്പോൾ കിട്ടുന്ന ആശ്വാസം.. അത് ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു.

എരയപുരം അമ്പലത്തിൽ ഇന്നാണ് അഷ്ടമംഗല പ്രശ്നം. രാവിലെ തുടങ്ങും രണ്ടു ദിവസം നീളുന്ന പരിപാടികൾ. പ്രസിദ്ധരായ ജ്യോതിഷികൾ ആണ് പങ്കെടുക്കുന്നത്.വീട്ടിലെത്തിയ പാടേ കുളിച്ചു റെഡിയായി നേരെ ക്ഷേത്രത്തിലേക്ക് ... തലേ ദിവസത്തെ ഉറക്കച്ചടവൊന്നും അറിയുന്നേ ഇല്ല. കൂട്ടുകാരും ബന്ധുക്കളും അയൽവാസികളും എല്ലാം ക്ഷേത്രത്തിൽ റെഡി.. അതു കൊണ്ട് തന്നെ ഒറ്റയടിക്ക് എല്ലാവരെയും കണ്ടു. വൈകിട്ട് കാണേണ്ട വരെ പ്രത്യേകം കണ്ടു.. വൈകിട്ടത്തെ പരിപാടികൾ രണ്ടു ദിവസത്തിനു ശേഷം ആ കാമെന്ന് വാക്ക് കൊടുത്തു... ദേവ പ്രശ്നമാണ്  രണ്ടു ദിവസം സഹിക്കുക തന്നെ.
ഒരു ഡസൻ കൊറോണ ബീയറും, സൈന്റ് റേമിയും ബാലെന്റനും ഒക്കെ പെട്ടിയിൽ തന്നെ റെസ്റ്റ് കൊടുത്തു.

മൂന്നാം ദിവസമാണ് ദേവപ്രശ്നം കഴിഞ്ഞത് . വിശദമായ കണ്ടെത്തലുകൾ പ്രശ്ന വിധികൾ പരിഹാരങ്ങൾ... അതേ ക്ഷേത്രം പുനരുദ്ധാരണത്തിലേക്ക് വളരെ വേഗം അടുക്കുകയാണ്. തലമുറകൾ നീണ്ട ശ്രമമാണ് .പൂർത്തിയാക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. എങ്കിലും എല്ലാവരും നല്ല ഉഷാറായി തന്നെ മുന്നിലുള്ളതു കൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയാവുമെന്ന് ഉള്ളിൽ ആരോ പറഞ്ഞു.

അവധിക്ക് വന്നാൽ ഒരു ദിവസം ഭാര്യവീട്ടിൽ നിൽക്കണം എന്നത് അലിഘിതമായ കുടുംബ നിയമമാണ്, മുഖം കറുപ്പിക്കൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം, പാത്രങ്ങളുടെ കലപില, തുടങിയ പത്നിയുടെ സമരമുറകൾ നേരിടാൻ വയ്യാത്തതു കൊണ്ട് നിയമം തെറ്റിക്കാറില്ല. പതിവ് സന്ദർശനവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേകും പത്ത് ദിവസത്തെ അവധിയിലെ പാതിയും കഴിഞ്ഞിരുന്നു.പിന്നെ ഇളയ മകനെ കോഴിക്കോട് ഡോക്ടറെ കാണിക്കലും അവിടെ തന്നെയുള്ള ബന്ധുക്കളെ സന്ദർശിക്കലും ,
അതു കഴിഞ്ഞ് അമ്മയോടൊപ്പം നാട്ടിലെ 
 ക്ഷേത്രങൾ കൂടി  സന്ദർശിച്ചു കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോവേണ്ട ദിനം വന്നെത്തി. 
പത്ത് ദിവസങ്ങൾ തീരുന്നത് എത്ര വേഗമാണ്..!!  
എന്തായാലും ഇടക്കെല്ലാം മഴ തകർത്തു പെയ്തിരുന്നു. എരേരത്തെ കുളത്തിൽ നിന്ന് തവളകളുടെ ആനന്ദ രാഗം കുട്ടിക്കാലത്തെ പോലെ  പ്രഭാതങ്ങളിൽ കേട്ടപ്പോൾ മനസ്സ് ശരിക്കും തണുത്തു....

വരുന്നത് പോലെയല്ല തിരിച്ചു പോക്ക് ... മൊത്തത്തിൽ ഒരു സ്ലോമോഷൻ ബാധിക്കും നമ്മളെ.... എല്ലാം കുഴഞ്ഞു മറിഞ്ഞതു പോലെ തോന്നും.. പ്ലാൻ ചെയ്ത പലതും മാറ്റി വക്കേണ്ടി വരും... ഭാര്യയുടെ കെട്ടിപിടുത്തത്തിന് മുറുക്കം കൂടും.. ആവശ്യത്തിൽ കൂടുതൽ ഉമ്മകൾ കിട്ടും ... കണ്ണുനീർ വീണ് മേലൊക്കെ നനയും.

എന്തായാലും പോകുന്നത് രാത്രിയാണ് അതിനാൽ തന്നെ പകൽ എല്ലാവർക്കം കൂടി ഒത്തു കൂടാം എന്ന് പറഞ്ഞ്  സഹോദരികളെയും അളിയൻമാരെയും ഭാര്യവീട്ടുകാരെയും ഒരുമിച്ച് കുട്ടി. ഞാനും മൂത്ത അളിയനും കൂടി അടുക്കള എറ്റെടുത്തു.
"നിപ" കോഴിയിലും ഉണ്ടെന്നൊരു വാട്സപ്പ് ശ്രുതിയുള്ളതിനാൽ ചിക്കൻ വേണ്ടാന്ന് കൂട്ടായ തീരുമാനം വന്നു.
കാലത്ത് തന്നെ രണ്ടാമത്തെ അളിയനെയും കൂട്ടി നേരെ വാക്കാട് ചെന്നു.. മത്തിയും കണമീനും പുതിയാപ്ല കോരയും വാങ്ങി സ്ത്രീ ജനങ്ങൾക്ക് വിട്ടു കൊടുത്തു. ഞങ്ങൾ വെജിറ്റബിൾ ബിരിയാണിയിലേക്കും...
കുറച്ചു നേരം അടുക്കള യുദ്ധസമാനമായിരുന്നു.
എങ്കിലും മൽസ്യങ്ങൾ വറുത്തതും പച്ചക്കറി ബിരിയാണിയും സാലഡുകളും കൂടി ഉച്ചയൂണ് ഞങ്ങൾ അടിച്ചു പൊളിച്ചു.

ഭക്ഷണം കഴിഞ്ഞ് കോലായിലെ തിണ്ണയിൽ വെറുതെ ഇരിക്കുമ്പോഴാണ്  പതിവില്ലാത്ത ഒരു സന്ദർശകൻ.. എന്റെ കാഴ്ചപുറത്ത് വന്നു കൊണ്ട് മുറ്റത്ത് കിടക്കുന്നു...
 ഒരു ചുവന്ന നായ ..
നാടനാണ് നല്ല മുഖ ലക്ഷണം .മുറ്റത്ത് കിടന്ന് അവൻ അവന്റെ പിൻ ഭാഗത്ത് വാലിനരികിൽ തിരിഞ്ഞു  നക്കുന്നുണ്ട്. ഇടക്ക് ഞങളുടെ മിഴികൾ നേർക്കുനേർ വന്നു. എന്തുകൊണ്ടോ  ആ നോട്ടത്തിൽ ഞാൻ അസ്വസ്തനായി. വീട്ടുകാരോട് വിളിച്ചു ചോദിച്ചു ... ഇവൻ ഇവിടെ പതിവ് സന്ദർശകൻ ആണോ ...?

ഇല്ല ആരും കണ്ടിട്ടില്ല.... ആദ്യമായി കാണുകയാണ്.

ഉച്ചയൂണു കഴിഞ്ഞു ഓരോരുത്തരും പുറത്തേക്ക് വന്നു... കുശലം പറച്ചിലുകളും ഫോട്ടോ എടുക്കലും ഒക്കെയായപ്പോൾ സന്ദർശകനെ ഞാൻ വിട്ടു പോയി.. 
കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ആൾ അവിടെ ഇല്ല. എന്തോ...?  ഞാൻ അതിനെ തിരഞ്ഞ് ഇറങ്ങി. വിശദീകരിക്കാൻ കഴിയാത്ത എന്തോ ഒരു ചിന്ത എന്നിൽ നിറഞ്ഞിരുന്നു.
നോക്കുമ്പോൾ വീടിന്റെ കിഴക്ക് ഭാഗത്ത് ചുമരിനോട് ചേർന്ന് അവൻ കിടക്കുന്നുണ്ട് ..
 അടുത്തു ചെന്നപ്പോൾ എനിക്ക് തോന്നി അതിന്റെ മുഖത്ത് എന്തോ ഒരു ദുഃഖം ഉണ്ടെന്ന്.
എന്നെ കണ്ടതും ചിരപരിചിതനെ പോലെ അവൻ വാലാട്ടി എണീറ്റു നിന്നു, ഞാനതിന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു "ഭക്ഷണം വേണോ..?"

വാലാട്ടൽ മറുപടിയിൽ വേണമെന്ന് തോന്നിയതിനാൽ അകത്ത് പോയി മീൻ വറുത്തതും ബിരിയാണിയും കൂടി കൂട്ടി കുഴച്ച് ഒരിലയിൽ മുറ്റത്ത് വച്ച് വിളിച്ചപ്പോൾ മടിയൊന്നും കൂടാതെ അടുത്തു വന്ന് അത് മുഴുവൻ കഴിച്ച്  നന്ദിയോടെ അത് എന്നെ നോക്കി....
പിന്നെ ഇടക്കെപ്പോഴോ അടുക്കള ഭാഗത്ത് വെള്ളം വിഴുന്നിടത്ത് അവനെ കണ്ടപ്പോൾ ഒരു കപ്പ് നിറയെ വെള്ളം  എടുത്തു കൊടുത്തു.. അത് മുഴുവൻ ഒറ്റയടിക്ക് കൂടിച്ച് അവൻ വീണ്ടും കിഴക്ക് വശത്ത് വന്ന് കിടന്നു അപ്പോഴും അവൻ തിരിഞ്ഞ് കിടന്ന് വാലിനു താഴെ നക്കുന്നുണ്ടായിരുന്നു...

വൈകിട്ടായപ്പോഴേക്കും എനിക്ക് തിരക്ക് കൂടി കൊണ്ടിരുന്നു.. തിരിച്ചു പോക്കിന്റെ ഒരുക്കങ്ങൾക്കിടയിൽ ഇടക്ക് ഞാനതിനെ അന്വേഷിച്ചു പക്ഷേ അത് വീടിനടുത്ത് എവിടെയും ഉണ്ടായിരുന്നില്ല.

രാത്രി പന്ത്രണ്ടിനു ശേഷമാണ് ഇറക്കം..
വിരഹതീവ്രതയുടെ ശോകഭാവങൾ പത്നിയുടെ മിഴികളിൽ മിന്നിമറയുന്നതും, മിഴിനീരിന്റെ ചൂട് നെഞ്ചിൽ അറിയുന്നതും യാന്ത്രികമായാണ് ഞാൻ ശ്രദ്ധിച്ചത്. അല്ലെങ്കിലും വർഷത്തിൽ രണ്ട് മൂന്ന് തവണ അവധിക്ക് വരുന്ന എനിക്ക് വിരഹ നിമിഷങ്ങൾ പതിവ് ആയിരിക്കുന്നു...

ആ അപരിചിതനായ നായയുടെ സന്ദർശനവും അതിന്റെ നോട്ടവും ഒക്കെ എന്നെ വല്ലാതെ അസ്വസ്തനാക്കിയിരുന്നു... അത് മനസ്സിലാക്കിയതിനാലാവും ഭാര്യ പറഞ്ഞു.. 
" അതേയ് .. ഇന്ന് ആലിശ്ശേരിയിൽ നായകളെ പിടിക്കുന്നവർ വന്നിരുന്നു എന്ന് ചേച്ചി പറയുന്നത് കേട്ടു... അവർ എല്ലാറ്റിനെയും പിടിച്ച് സൂചി വച്ച് വന്ധ്യംകരണം നടത്തിയത്രെ... അങ്ങിനെ വഴിതെറ്റി വന്നതാവും ആ നായ .. ഇനി അതിനെ കുറിച്ച് ആലോചിച്ച് കഷ്ടപെടണ്ട." 

പുറത്ത് മഴ ചാറുന്നുണ്ട് ... പോകാനുള്ള സമയം അടുത്തു...

അസ്വസ്തകളുടെ ഉള്ളിലേക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് വിശദീകരണമായി അവൾ പറഞ്ഞത്.. 
ഈ ഭൂമിക്ക് നമ്മൾ മാത്രമാണോ അവകാശികൾ.. ??
ഏന്ത് അധികാരത്തിന്റെ മുകളിലാണ് നാം മറ്റ് മൃഗങ്ങളുടെ ചോദനകളിൽ കൈ കടത്തുന്നത്....?????

എന്നെ യാത്രയയക്കാൻ എല്ലാവരും കോലായിൽ റെഡി ... മഴ ചാറുന്നതേ ഉള്ളൂ
വീട്ടിലെ അമ്പലത്തിൽ വിളക്ക് തെളിച്ച് പ്രാർത്ഥിച്ചു... എല്ലാവരോടും യാത്ര പറഞ്ഞു ... മാമൻ വണ്ടിയുമായി എത്തിയിട്ടുണ്ട്... പെട്ടിയൊക്കെ അളിയൻമാരാണ് എടുത്തു വച്ചത്... മഴ പതുക്കനെ ശക്തി പ്രാപിക്കുന്നു... ഇടക്ക് മിന്നൽ പിണറുകളും... എനിക്ക് പിന്നിൽ എല്ലാവരും കൈ വീശുന്നുണ്ട് , എത്രയായാലും വീടുവിട്ടിറങ്ങുമ്പോൾ മനസ്സൊന്ന് ഇടറും... വീണ്ടും പ്രവാസത്തിലേക്കാണ്... മഴയുടെ നനുത്ത കുളിരിൽ നിന്നും വരണ്ട വേനൽ ചൂടിലേക്ക് പറിച്ചെറിയപ്പെടുകയാണ്... വണ്ടിയിൽ കയറി വാതിലടച്ചപ്പോൾ വീണ്ടും മിന്നെറിഞ്ഞു അപ്പോൾ അമ്പലപ്പറമ്പിൽ ഒരു മിന്നായം പോലെ ഞാൻ കണ്ടു അവൻ... ആ സന്ദർശകൻ മഴ നനഞ്ഞ് നിൽക്കുന്നു...!!  വാക്കുകൾ അന്യമായ നിമിഷത്തിൽ ഞാൻ മൗനം പുതച്ചു.. വണ്ടിയുടെ ചില്ലിൽ മഴതുള്ളികൾ ഓളങളായി.. അസ്വസ്തതകളുടെ അഗ്നിയിൽ വേവുന്ന മനസ്സിനെ മഴ തലോടി കൊണ്ടിരുന്നു....

സുനിൽ വെട്ടം